“ബൌദ്ധിക സ്വത്ത്” എന്നാണൊ നിങ്ങൾ പറഞ്ഞത്? അത് പ്രലോഭിപ്പിക്കുന്ന ഒരു മരീചികയാണ്

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

പകര്‍പ്പവകാശവും, പേറ്റന്റും, ട്രേഡ്‌മാര്‍ക്കും –വിഭിന്നവും വ്യത്യസ്തവുമായ മൂന്നു് തരത്തിലുള്ള നിയമങ്ങളെ സംബന്ധിയ്ക്കുന്ന മൂന്നു് കാര്യങ്ങള്‍– കൂടാതെ ഒരു ഡസനോളം വേറെ നിയമങ്ങളും കൂടി കൂട്ടിക്കുഴച്ചു് അതിനെ “ബൌദ്ധിക സ്വത്ത്” എന്നു് വിളിയ്ക്കുന്നതു് ഒരു പുതിയ പ്രവണതയായിട്ടുണ്ടു്. ഈ വളച്ചൊടിച്ച, കുഴപ്പിയ്ക്കുന്ന പദം സാധാരണമായതു് യാദൃച്ഛികമല്ല. ഈ ആശയകുഴപ്പത്തില്‍ നിന്നും ലാഭമുണ്ടാക്കുന്ന കമ്പനികളാണു് അതിനു് പ്രചാരം നല്‍കിയതു്. ആ ആശയകുഴപ്പം മാറ്റാനുള്ള ഏറ്റവും വ്യക്തമായ മാര്‍ഗ്ഗം, ആ പദം മൊത്തത്തില്‍ തള്ളികളയുകയാണു്.

ഇപ്പോള്‍ സ്റ്റാന്‍ഫോഡ് ലോ സ്കൂളിലുള്ള, പ്രൊഫസ്സര്‍ മാര്‍ക്ക് ലെംലെ -യുടെ അഭിപ്രായത്തില്‍, 1967-ല്‍ ലോക “ബൌദ്ധിക സ്വത്ത്” സംഘടന (World “Intellectual Property” Organisation-WIPO) സ്ഥാപിതമായതിന്റെ തുടര്‍ച്ചയായിയുണ്ടായ പൊതു പ്രവണതയാണു്, “ബൌദ്ധിക സ്വത്ത്” എന്ന പ്രയോഗത്തിന്റെ പരക്കെയുള്ള ഉപയോഗത്തിനു് കാരണം, അതുതന്നെ വളരെ സാധാരണമായതു് ഈ അടുത്ത വര്‍ഷങ്ങളിലാണു്. (WIPO ഔദ്യോഗികമായി ഒരു യുഎന്‍ സ്ഥാപനമാണു്, പക്ഷെ വാസ്തവത്തില്‍ അവ, പകര്‍പ്പവകാശം,പേറ്റന്റ്, ട്രേഡ്‌മാര്‍ക്കു് തുടങ്ങിയവ കൈവശമുള്ളവരുടെ താത്പര്യത്തിനായാണു് നിലകൊള്ളുന്നതു്.) പരക്കെയുള്ള ഉപയോഗം 1990 കളിൽ തുടങ്ങുന്നു. (ലോക്കൽ ഇമേജ് കോപ്പി)

അധികം പ്രയാസമില്ലാതെതന്നെ കാണാവുന്ന പക്ഷപാതമുണ്ട് ആ പദത്തിനു്: പകര്‍പ്പവകാശം,പേറ്റന്റ്,ട്രേഡ്‌മാര്‍ക്ക് എന്നിവയെ ഭൌതിക വസ്തുക്കള്‍ക്കുള്ള സ്വത്തവകാശവുമായി സാദൃശ്യപ്പെടുത്തി ചിന്തിയ്ക്കാന്‍ നിർദ്ദേശിയ്ക്കുന്നു. (പകര്‍പ്പവകാശത്തിന്റേയൊ, പേറ്റന്റിന്റേയൊ, ട്രേഡ്‌മാര്‍ക്കിന്റേയൊ നിയമപരമായ തത്ത്വശാസ്ത്രത്തോടു യോജിയ്ക്കാത്തതാണീ താരതമ്യം, പക്ഷെ വിദഗ്ധര്‍ക്കു മാത്രമേ അതറിയു). ഈ നിയമങ്ങള്‍, ഭൌതിക സ്വത്തിന്റെ നിയമങ്ങളെ പോലെയല്ലെങ്കിലും, ഈ പദത്തിന്റെ ഉപയോഗം, നിയമജ്ഞരെ, അതിനോടു സാമ്യമുള്ളതാക്കുന്നതിലേയ്ക്കു് നയിയ്ക്കുന്നു. പകര്‍പ്പവകാശത്തിന്റേയും, പേറ്റന്റിന്റേയും, ട്രേഡ്‌മാര്‍ക്കിന്റേയും, അധികാരങ്ങള്‍ പ്രയോഗിയ്ക്കുന്ന കമ്പനികള്‍ക്കു് വേണ്ടതും അതേ മാറ്റമായതുകൊണ്ടു്, “ബൌദ്ധിക സ്വത്ത്” എന്ന പദത്തിന്റെ പക്ഷപാതം അവര്‍ക്കുനുകൂലമാകുന്നു.

ഈ പക്ഷപാതം തന്നെ ആ പദത്തെ നിരാകരിയ്ക്കാന്‍ മതിയായ കാരണമാണു്, മൊത്തത്തിലുള്ള വിഭാഗത്തെ വിളിയ്ക്കാനായി മറ്റൊരു പേരു നിര്‍ദ്ദേശിയ്ക്കാന്‍ പലപ്പൊഴായി ആളുകള്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ടു് – അല്ലെങ്കില്‍ അവരുടേതായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു് (പലപ്പോഴും ചിരിപ്പിയ്ക്കുന്നവ). നിര്‍ദ്ദേശങ്ങളില്‍ ചിലതു് ഇവയാണു്, IMPs എന്നാല്‍ Imposed Monopoly Privileges (ചുമത്തപ്പെട്ട കുത്തകാവകാശം), GOLEMs എന്നാല്‍ Government-Originated Legally Enforced Monopolies (നിയമനിര്‍ബന്ധിതമായ കുത്തകകള്‍ – ഒരു സര്‍ക്കാര്‍സംരംഭം). “പ്രത്യേക അവകാശങ്ങളുടെ സംഘം”-ത്തെ പറ്റിയാണു് ചിലര്‍ പറയാറ്, പക്ഷെ നിയന്ത്രണങ്ങളെ ”അവകാശങ്ങള്‍” എന്നു പറയുന്നതു് ഇരട്ടത്താപ്പാണു്.

ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ “ബൌദ്ധിക സ്വത്തു്” എന്നതിനു പകരം വേറെയേതു് പദമുപയോഗിയ്ക്കുന്നതും തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു് ആ പദത്തിന്റെ കാതലായ പ്രശ്നം വെളിവാക്കുപ്പെടുന്നില്ല: അതിസാമാന്യവത്കരണം. “ബൌദ്ധിക സ്വത്തു്” എന്ന ഏകോപിതമായ ഒരു സംഗതിയില്ല – അതൊരു മരീചികയാണു്. ഇത് യുക്തമായൊരു വിഭാഗമാണെന്ന് ആളുകൾ വിചാരിയ്ക്കുന്നത് ഒരേ ഒരു കാരണം കൊണ്ടു മാത്രമാണ്, ഈ വാക്കിൻ്റെ പരക്കെയുള്ള ഉപയോഗം അവരെ നിയമപരമായ ചോദ്യങ്ങളെ കുറിച്ച് വഴിതെറ്റിയ്ക്കുന്നു.

വെവ്വേറെ നിയമങ്ങള്‍ കൂട്ടിക്കുഴച്ചു്, ഒന്നിച്ചു് പ്രയോഗിയ്ക്കാന്‍ ഏറ്റവും പറ്റിയ പദമാണു് “ബൌദ്ധിക സ്വത്തു്”എന്നതു്. നിയമജ്ഞരല്ലാത്തവര്‍, വിവിധ നിയമങ്ങള്‍ക്കെല്ലാം കൂടിയുള്ള ഈ ഒറ്റപദം കേള്‍ക്കുമ്പോള്‍ വിചാരിയ്ക്കുക, അവയെല്ലാം ഒരേ മൂല്യത്തിലധിഷ്ഠിതമാണെന്നും, ഒരുപോലെ പ്രവര്‍ത്തിയ്ക്കുന്നതാണെന്നും ആണു്.

കാര്യമിതാണു്. ഈ നിയമങ്ങള്‍ വ്യത്യസ്തമായി ആവിര്‍ഭവിച്ചു്, വ്യത്യസ്തമായി വളര്‍ന്നു്, വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, വ്യത്യസ്ത വ്യവസ്ഥകളുള്ള, വ്യത്യസ്തങ്ങളായ പൊതുപ്രശ്നങ്ങൾ ഉയര്‍ത്തുന്നവയുമാണു്.

പകര്‍പ്പവകാശനിയമങ്ങള്‍ രൂപകല്പന ചെയ്തതു്, ഗ്രന്ഥകർതൃത്വത്തെയും കലയേയും പ്രോത്സാഹിപ്പിയ്ക്കുവാനും, മാത്രമല്ല ഒരു സൃഷ്ടിയുടെ ആവിഷ്കാരത്തേക്കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കാനുമാണ്. പേറ്റന്റ് നിയമത്തിന്റെ ഉദ്ദേശം ഉപയോഗസാധ്യതയുള്ള ആശയങ്ങളുടെ പ്രകാശനം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. ഒരു ആശയം പ്രസിദ്ധീകരിയ്ക്കുന്നയാള്‍ക്കു്, അതിന്മേല്‍ താത്കാലികമായുള്ള കുത്തകാവകാശം നല്‍കുന്നതാണു് അതിനായി നാം കൊടുക്കുന്ന വില – ചില മേഖലകളിലതു് അഭികാമ്യമായിരിക്കാം മറ്റുചിലതിലല്ലതാനും.

എന്നാല്‍ ട്രേഡ്‌മാര്‍ക്ക് നിയമം,പ്രത്യേകിച്ചൊരു രീതിയേയും പ്രോത്സാഹിപ്പിയ്ക്കാനുള്ളതായിരുന്നില്ല. വാങ്ങുന്നവര്‍ക്കു് അവരെന്താണു് വാങ്ങുന്നതെന്നു് അറിയാന്‍ സാധ്യമാക്കുക എന്നതാണു് അതിന്റെ ഉദ്ദേശം. എന്നിരുന്നാലും “ബൌദ്ധിക സ്വത്തു്”-ന്റെ സ്വാധീനത്തില്‍ നിയമജ്ഞര്‍ അതിനെ, പരസ്യം ചെയ്യുന്നതു് പ്രോത്സാഹിപ്പിയ്ക്കാനുള്ള ഒരു ഉപാധിയായി മാറ്റിയെടുത്തു. മാത്രമല്ല ഇവ ആ പദം പരാമർശിയ്ക്കുന്ന ധാരാളം നിയമങ്ങളിൽ വെറും മൂന്നെണ്ണം മാത്രം.

ഈ നിയമങ്ങളെല്ലാം വെവ്വേറെ നിര്‍മ്മിച്ചതായതു് കൊണ്ടു്, ഓരോ വിശദാംശത്തിലും, ഇവ വ്യത്യസ്തമാണു്. അവയുടെ അന്തസത്തയും രീതികളും വ്യത്യസ്തമാണു്. അതിനാല്‍, പകര്‍പ്പവകാശത്തേ പറ്റിയുള്ള ഒരു കാര്യം പഠിയ്ക്കുമ്പൊള്‍ പേറ്റന്റ് നിയമം വ്യത്യസ്തമാണു് എന്നാലോചിയ്ക്കുന്നതാണു് ബുദ്ധി. അപ്പോള്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കുറവാണു്!

ഫലത്തിൽ, നിങ്ങൾ യാദൃച്ഛികമായി കാണാനിടയുള്ള “ബൌദ്ധിക സ്വത്തു്” ഉപയോഗിച്ച് രൂപകല്പന ചെയ്തിട്ടുള്ള ഏകദേശം എല്ലാ പൊതു പ്രസ്താവനകളും തെറ്റായിരിയ്ക്കും. ഉദാഹരണത്തിന്, “പുതുമയുള്ള ആവിഷ്കാരങ്ങളെ പ്രചോദിപ്പിയ്ക്കുക” ആണ് “ഇതിൻ്റെ” ലക്ഷ്യം എന്ന വാദം നിങ്ങൾ കാണും, പക്ഷേ അത് പേറ്റന്റ് നിയമത്തിനു മാത്രം ചേരുന്നതാണ് മാത്രമല്ല ഒരുപക്ഷേ ഇത് വിവിധതരം കുത്തകകൾ വളർത്താവുന്നതാണ്. പകർപ്പവകാശ നിയമം പുതുമയുള്ള ആവിഷ്കാരങ്ങളെ സംബന്ധിയ്ക്കുന്നതല്ല; പുതുമയുള്ള ആവിഷ്കാരങ്ങളൊന്നും തന്നെ ഇല്ലെങ്കിലും ഒരു പോപ് ഗാനമോ അല്ലെങ്കിൽ നോവലോ പകർപ്പവകാശമുള്ളതാണ്. ട്രേഡ്മാ‍ർക്ക് നിയമം പുതുമയുള്ള ആവിഷ്കാരങ്ങളെ സംബന്ധിയ്ക്കുന്നതല്ല; “ആർഎംഎസ് ടീ” എന്ന പേരിൽ ഞാനൊരു ചായക്കട തുടങ്ങുകയാണെങ്കിൽ, മറ്റുള്ളവരെല്ലാം ഉണ്ടാക്കുന്നതുപോലെ അതേ ചായകൾ ആണ് ഞാൻ വില്ക്കുന്നതെങ്കിലും അതൊരു ഈടാ‍ർന്ന ട്രേഡ്മാർക്ക് ആകുമായിരുന്നു. ബാഹ്യമായിട്ടുള്ളത് ഒഴിച്ച് ട്രേഡ് രഹസ്യ നിയമം പുതുമയുള്ള ആവിഷ്കാരങ്ങളെ സംബന്ധിയ്ക്കുന്നതല്ല; ഒരു ട്രേഡ് രഹസ്യം എൻ്റെ ചായയുടെ ഉപഭോക്താക്കളുടെ പട്ടിക ആയിരിക്കാം അതിന് പുതുമയുള്ള ആവിഷ്കാരങ്ങളുമായി യാതൊരു ബന്ധവുമില്ല.

“ബൌദ്ധിക സ്വത്തു്” “സർഗശക്തി”-യെ സംബന്ധിയ്ക്കുന്നതാണെന്ന ദൃഢപ്രസ്താവങ്ങളും നിങ്ങൾ കാണും, പക്ഷേ യഥാർത്ഥത്തിൽ അത് പകർപ്പവകാശ നിയമത്തിനു മാത്രം യോജിച്ചതാണ്. പേറ്റന്റ് നേടാവുന്ന പുതുമയുള്ള ഒരു ആവിഷ്കാരം നിർമിക്കുന്നതിനായി സർഗശക്തിയേക്കാൾ കൂടുതൽ ആവശ്യമുണ്ട്. ട്രേഡ് മാർക്ക് നിയമത്തിനും ട്രേഡ് രഹസ്യ നിയമത്തിനും സർഗശക്തിയുമായി യാതൊരു ബന്ധവുമില്ല; “ആർഎംഎസ് ടീ” എന്ന പേരോ, എൻ്റെ ചായ ഉപഭോക്താക്കളുടെ രഹസ്യ പട്ടികയോ ഒട്ടും സർഗശക്തിയുള്ളതല്ല.

“ബൌദ്ധിക സ്വത്തു്”എന്നു് ജനങ്ങള്‍ സാധാരണപറയുമ്പോള്‍, അവര്‍ യഥാര്‍ത്ഥത്തിലുദ്ദേശിയ്ക്കുന്നതു് താരതമ്യേന വലുതൊ, ചെറുതൊ ആയ മറ്റൊരു വിഷയമാണു്. ഉദാഹരണത്തിനു്, പാവപ്പെട്ട രാഷ്ട്രങ്ങളില്‍ നിന്നു് പണം ഊറ്റുന്നതിനായി സമ്പന്ന രാഷ്ട്രങ്ങള്‍ പലപ്പൊഴും നീതിയുക്തമല്ലാത്ത നിയമങ്ങള്‍ ചുമത്താറുണ്ടു്. അവയില്‍ ചിലതു് “ബൌദ്ധിക സ്വത്തു്” നിയമങ്ങളാണു്, മറ്റു ചിലത് അതല്ല; എന്നിരുന്നാലും, ആ അനീതിയെ വിമര്‍ശിക്കുന്നവര്‍ പരിചിതമായപദം എന്നനിലയ്ക്കു് ഈ ലേബലിനെയാണു് ആശ്രയിക്കാറ്. അതുപയൊഗിയ്ക്കകവഴി ആ പ്രശ്നത്തിന്റെ സ്വഭാവത്തെ തെറ്റായി ചിത്രീകരിയ്ക്കുകയാണവര്‍ ചെയ്യുന്നതു്. “നിയമാധിഷ്ഠിതമായ സാമ്രാജ്യത്വം” (legislative colonization) പൊലെ, കൃത്യതയുള്ള ഒരു പദം അവിടെ ഉപയോഗിയ്ക്കുന്നതു്, കാര്യത്തിന്റെ കാമ്പിലേയ്ക്കു് നയിയ്ക്കാന്‍ സഹായിക്കും.

സാധാരണ ജനങ്ങള്‍ മാത്രമല്ല ഈ പദം കൊണ്ടു് തെറ്റിദ്ധരിപ്പിക്കപ്പെടുന്നതു്. നിയമം പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ തന്നെ “ബൌദ്ധിക സ്വത്തു്” എന്ന പദത്തിന്റെ വ്യാമോഹത്തില്‍ പ്രലോഭിപ്പിയ്ക്കപ്പെടുകയും, ചഞ്ചലരാവുകയും, അവര്‍ക്കുതന്നെ അറിയാവുന്ന വസ്തുതകള്‍ക്കു് വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു്, 2006-ല്‍ ഒരു പ്രൊഫസ്സര്‍ ഇങ്ങനെയെഴുതി:

അമേരിയ്ക്കന്‍ ഭരണഘടനയുടെ ശില്പികള്‍ക്കു് വിപോ (WIPO)-യുടെ നിലത്ത് പ്രവ‍ത്തിക്കുന്ന അവരുടെ പിന്‍ഗാമികളില്‍ നിന്നു് വ്യത്യസ്തമായി, ബൌദ്ധിക സ്വത്തിനേക്കുറിച്ചു്, മൂല്യാധിഷ്ഠിതമായ മത്സരത്തിന്റെ മനോഭാവമുണ്ടായിരുന്നു. അവകാശങ്ങള്‍ അനിവാര്യമാണെന്നവര്‍ക്കറിയാമായിരുന്നു. പക്ഷെ…ഇതിൻ്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന രീതിയില്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ കൈകള്‍ പല മാർഗത്തിലും ബന്ധിച്ചു.

പകര്‍പ്പവകാശത്തേയും പേറ്റന്റിനേയും സാധൂകരിയ്ക്കുന്ന, യു എസ് ഭരണഘടനയിലെ 1-ആം ലേഖനത്തിലെ 8-ആം വിഭാഗത്തിലെ 8-ആം വരിയെ കുറിച്ചാണു് മുകളില്‍ പറഞ്ഞ പ്രസ്താവന പ്രതിപാദിയ്ക്കുന്നതു്. ആ വരിയ്ക്കു് ട്രേഡ്‌മാര്‍ക്കു് നിയമവുമായൊ ട്രേഡ് രഹസ്യ നിയമവുമായൊ അല്ലെങ്കിൽ മറ്റുള്ളവയുമായൊ യാതൊരു ബന്ധവുമില്ല. “ബൌദ്ധിക സ്വത്തു്” എന്ന പദമാണു്, തെറ്റായ സാമാന്യവത്കരണത്തിലേയ്ക്കു് ആ പ്രൊഫസ്സറെ നയിച്ചതു്.

“ബൌദ്ധിക സ്വത്തു്”എന്ന പദം അതിലളിതമായ ചിന്തകളിലേയ്ക്കും നയിയ്ക്കുന്നു. ഈ വ്യത്യസ്തമായ നിയമങ്ങൾ ചിലര്‍ക്കുവേണ്ടി കൃത്രിമമായ ആനുകൂല്യങ്ങള്‍ നിർമിയ്ക്കുന്നു എന്ന ലളിതസാമാന്യവത്കരണത്തിലേയ്ക്കാണു് ഇതു് ജനങ്ങളെ നയിയ്ക്കുന്നതു് അതുവഴി ഓരോ നിയമവും പൊതുസമൂഹത്തിനേര്‍പ്പെടത്തുന്ന നിയന്ത്രണങ്ങള്‍, അതിന്റെ പരിണത ഫലങ്ങള്‍, തുടങ്ങിയ കാതലായ വിശദാംശങ്ങളെ അവഗണിയ്ക്കാനും പ്രേരിപ്പിയ്ക്കുന്നു. ഈ ഉപരിപ്ലവമായ സമീപനം, ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു “സാമ്പത്തിക മാനം” നല്കാന്‍ പ്രേരിപ്പിയ്ക്കുന്നു.

പതിവുപോലെ, ഇവിടേയും വിലയിരുത്തപ്പെടാത്ത ഊഹങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തിക മാനം, ഒരു വാഹകനാകുന്നു. സ്വാതന്ത്ര്യവും, ജീവിതരീതിയുമല്ല, ഉത്പാദനത്തിന്റെ അളവാണു് കാര്യം എന്നതു് പോലെയുള്ള മൂല്യങ്ങളെ കുറിച്ചുള്ള ധാരണകളും, മാത്രമല്ല സംഗീതത്തിന്മേലുള്ള പകര്‍പ്പവകാശങ്ങള്‍ സംഗീതജ്ഞരെ പിന്തുണയ്ക്കാന്‍ ആവശ്യമാണു്, അല്ലെങ്കിൽ മരുന്നുകള്‍ക്കുള്ള പേറ്റന്റുകള്‍ ജീവരക്ഷയ്ക്കുള്ള ഗവേഷണത്തെ സഹായിയ്ക്കും, മുതലായ വസ്തുതാപരമായി അബദ്ധങ്ങളായ ധാരണകളും ഇതിലുള്‍പ്പെടുന്നു.

മറ്റൊരു പ്രശ്നം, “ബൌദ്ധിക സ്വത്തു്”-ല്‍ അന്തര്‍ലീനമായ വലിയ മാനദണ്ഡത്തില്‍, ഓരോ നിയമങ്ങളും ഉയര്‍ത്തുന്ന പ്രത്യേകമായ പ്രശ്നങ്ങള്‍ ഏതാണ്ടു് അപ്രത്യക്ഷമാകുന്നു എന്നതാണു്. ഈ പ്രശ്നങ്ങള്‍ ഓരോ നിയമത്തിന്റേയും വിശദാംശങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണു് – ഇതേ വിശദാംശങ്ങള്‍ അവഗണിയ്ക്കാനാണു് “ബൌദ്ധിക സ്വത്തു്” എന്നപദം ജനങ്ങളേ പ്രേരിപ്പിക്കുന്നതും. ഉദാഹരണത്തിനു്, സംഗീതം പങ്കുവെയ്ക്കാന്‍ അനുവദിയ്ക്കണോ എന്നതു് പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണു്. പേറ്റന്റ് നിയമത്തിനു് ഇതുമായി യാതൊരു ബന്ധവുമില്ല. പേറ്റന്റ് നിയമങ്ങള്‍ ഉയര്‍ത്തുന്നതു്,ദരിദ്ര രാഷ്ട്രങ്ങള്‍ക്കു് ജീവന്‍രക്ഷാ മരുന്നുകള്‍ നിര്‍മ്മിയ്ക്കാനും അവ വില കുറച്ചു് വില്‍ക്കാനും ഉള്ള അനുവാദം വേണോ എന്നതു പോലെയുള്ള പ്രശ്നങ്ങളാണു്; പകര്‍പ്പവകാശ നിയമത്തിനു് ആ വിഷയത്തിലൊന്നും ചെയ്യാനില്ല.

ഈ പ്രശ്നങ്ങളൊന്നും മുഴുവനായും സാമ്പത്തികപരമായ പ്രശ്നങ്ങളല്ല, മാത്രമല്ല അവയുടെ സാമ്പത്തികപരമല്ലാത്ത വശങ്ങള്‍ വളരെ വ്യത്യസ്തവുമാണു്; തുച്ഛമായ സാമ്പത്തിക അതിസാമാന്യവത്കരണം അടിസ്ഥാനമാക്കിയെടുക്കുന്നതു് ഈ വ്യത്യാസങ്ങളെ അവഗണിയ്ക്കലാണു്. ഈ രണ്ടു നിയമങ്ങളേയും “ബൌദ്ധിക സ്വത്തു്”-ന്റെ കുടത്തിലിടുന്നതു് ഓരോന്നിനേയും കുറിച്ചുള്ള വ്യക്തമായ ചിന്തയെ തടസ്സപ്പെടുത്തുകയാണു്.

അതിനാല്‍, “ബൌദ്ധികസ്വത്തെന്ന വിഷയത്തെ” കുറിച്ചുള്ള ഏതൊരഭിപ്രായവും, ഉണ്ടെന്നു് സങ്കല്‍പ്പിയ്ക്കപ്പെടുന്ന ഇങ്ങനെ ഒരു വിഭാഗത്തേക്കുറിച്ചുള്ള ഏതു് സാമാന്യവത്കരണവും ഏതാണ്ടുറപ്പായും വിഡ്ഢിത്തമായിരിയ്ക്കും. ഇപ്പറഞ്ഞ എല്ലാ നിയമങ്ങളും ഒന്നാണെന്നു് കണക്കാക്കുകയാണെങ്കില്‍, ഒരോന്നിനും ഒരുഗുണവുമില്ലാത്ത ഒരുകൂട്ടം അതിസാമാന്യത്വങ്ങളില്‍ നിന്നു് അഭിപ്രായം സ്വരൂപിയ്ക്കുന്നതിനു് നിങ്ങള്‍ പ്രേരിതരാകും.

“ബൌദ്ധിക സ്വത്തു്”-ൻ്റെ തിരസ്കരണം വെറും തത്ത്വചിന്താപരമായ നേരമ്പോക്ക് അല്ല. ആ പദം ശരിയ്ക്കും ഹാനികരമാണ്.നെബ്രാസ്കയുടെ “അറ്റകുറ്റപണിയ്ക്കുള്ള അവകാശ” ബില്ലിനെ കുറിച്ചുള്ള വാഗ്വാദം വളച്ചൊടിയ്ക്കുന്ന -തിനായി ആപ്പിൾ ഇതുപയോഗിച്ചു. ആ വ്യാജമായ ആശയം ആപ്പിളിന് പ്രച്ഛന്നതയ്ക്കുള്ള മുൻഗണനയെ മറയ്ക്കാനുള്ള ഒരു വഴിയുണ്ടാക്കി, ഉപഭോക്താക്കളും രാഷ്ട്രവും ഒരു സാങ്കല്പിക തത്വം എന്ന രീതിയിൽ ഇതിന് നിർബന്ധമായും വഴികൊടുക്കണമെന്നത്, ആപ്പിളിൻ്റെ ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് പരസ്പരവിരുദ്ധമാണ്.

പേറ്റന്റുകളോ, പകര്‍പ്പവകാശങ്ങളോ, ട്രേഡ്‌മാര്‍ക്കുകളോ മറ്റുപല വ്യത്യസ്തമായ നിയമങ്ങളോ ഉയര്‍ത്തുന്ന പ്രശ്നത്തേക്കുറിച്ചു് നിങ്ങള്‍ക്കു് വ്യക്തമായി ചിന്തിയ്ക്കണമെന്നുണ്ടെങ്കില്‍, ആദ്യപടി, അവയെല്ലാം കൂട്ടിക്കുഴയ്ക്കുന്നതൊഴിവാക്കി, ഓരോന്നും വ്യത്യസ്ത വിഷയങ്ങളായി കണക്കാക്കുക എന്നതാണു്. “ബൌദ്ധിക സ്വത്തു്” എന്ന പദം നിര്‍ദ്ദേശിയ്ക്കുന്ന ഇടുങ്ങിയ വീക്ഷണവും അതിലളിതമായ ചിത്രവും ഉപേക്ഷിയ്ക്കുക എന്നതാണു് അടുത്തപടി. ഈ ഓരോ വിഷയത്തേയും അതിന്റെ പൂര്‍ണ്ണതയോടു കൂടി വ്യത്യസ്തമായി പരിഗണിയ്ക്കു എന്നാല്‍ നിങ്ങള്‍ക്കവയെ നന്നായി നിരൂപിയ്ക്കാനുള്ള ഒരവസരം കിട്ടും.

മാത്രമല്ല WIPO-യുടെ പരിഷ്കരണത്തെ കുറിച്ചു പറയുമ്പോൾ, WIPO-യുടെ പേരും അന്തസത്തയും മാറ്റാനായി ഒരു പ്രസ്താവന ഇവിടെയുണ്ട്.


കൂടാതെ കൊമംഗിസ്ഥാൻ്റെ കൗതുകകരമായ ചരിത്രം (“ബൌദ്ധിക സ്വത്തു്” എന്ന പദത്തെ പൊട്ടിച്ചുകൊണ്ട്) എന്നതും നോക്കുക.

ആഫ്രിക്കയിലെ രാജ്യങ്ങൾ ഈ നിയമങ്ങളേക്കാൾ കൂടുതൽ സാമ്യമുള്ളതാണ്, മാത്രമല്ല “ആഫ്രിക്ക” എന്നത് ഭൂമിശാസ്ത്രപരമായി ഉചിതമാണ്; എന്നിരുന്നാലും, പ്രത്യേകമായി ഒരു രാജ്യത്തെ കുറിച്ച് പറയുന്നതിനു പകരം “ആഫ്രിക്ക” എന്നു പറയുന്നത് ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കുന്നു.

റിക്കാർഡ് ഫാൽക്വിഞ്ച് (Rickard Falkvinge) ഈ പദത്തെ തിരസ്കരിക്കുന്നതിനോട് യോജിയ്ക്കുന്നു.

“ബൌദ്ധിക സ്വത്തു്” എന്ന പദത്തെ കോറി ഡോക്ടറൊ(Cory Doctorow)-യും അപലപിയ്ക്കുന്നു.